Wednesday 9 May 2012



സ്വകാര്യ സ്കൂളുകളും വിവരാവകാശ നിയമവും

Published on Mon, 05/07/2012 - on Madhyamam
അഡ്വ. ഡി.ബി. ബിനു


സ്വകാര്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഇനി അവയുടെ സ്വകാര്യമല്ല. അവയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി സുതാര്യമായിരിക്കുകയും വേണം. സ്വകാര്യ സ്കൂളുകളിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കാന്‍ പൗരന് അവകാശമുണ്ടെന്ന കേന്ദ്ര വിവരാവകാശ കമീഷന്‍െറ ഉത്തരവ് ശ്രദ്ധേയമാണ്. ന്യൂദല്‍ഹിയിലെ ‘പിനാക്കിള്‍’ എന്ന സ്വകാര്യ സ്കൂളിലെ അധ്യാപികയായ ബിന്ദു ഖന്ന തന്‍െറ സര്‍വീസ് സംബന്ധമായ രേഖകള്‍ ആവശ്യപ്പെട്ട് സ്കൂളിനെ സമീപിച്ചുവെങ്കിലും സ്കൂള്‍ അധികൃതര്‍ ഒരു മറുപടിയും നല്‍കിയില്ല. തുടര്‍ന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ മുമ്പാകെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. പൊതുതാല്‍പര്യവുമായി ഒരു ബന്ധവുമില്ലാത്ത സ്വകാര്യ വിവരങ്ങളായതിനാല്‍ അത് നല്‍കാനാവില്ല എന്ന നിലപാടാണ് സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. വിവരം നല്‍കാന്‍ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും അപ്പലേറ്റ് അതോറിറ്റിയും സ്കൂള്‍ മാനേജറോട് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം തയാറായില്ല. ബിന്ദു ഖന്ന കേന്ദ്ര വിവരാവകാശ കമീഷന് രണ്ടാം അപ്പീല്‍ സമര്‍പ്പിച്ചു. വിവരം നല്‍കണമെന്ന അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവ് നടപ്പാക്കാന്‍ വിവരാവകാശ കമീഷന്‍ വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കി. ‘മൂന്നാം കക്ഷി’യായ സ്കൂള്‍ മാനേജറുടെ വിശദീകരണം കേള്‍ക്കാതെയുള്ള കമീഷന്‍െറ തീരുമാനം സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാരോപിച്ച് സ്കൂള്‍ അധികൃതര്‍ ദല്‍ഹി ഹൈകോടതിയെ സമീപിച്ചു. മൂന്നാം കക്ഷിയായ സ്കൂള്‍ മാനേജറുടെ കൂടി വിശദീകരണത്തിന് അവസരം നല്‍കിയതിനുശേഷം കേസില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ദല്‍ഹി ഹൈകോടതി വിവരാവകാശ കമീഷന് നിര്‍ദേശം നല്‍കി.
വിവരാവകാശ നിയമത്തിലെ 8 (1)(ജെ) വകുപ്പുപ്രകാരം, വ്യക്തിയുടെ പൊതുതാല്‍പര്യമില്ലാത്ത സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ സര്‍വീസുമായി ബന്ധപ്പെട്ട രേഖകള്‍ സ്വകാര്യവിവരങ്ങള്‍ എന്നുപറഞ്ഞ് നിരസിക്കാന്‍ പാടില്ലെന്ന് ട്രീസാഐറിഷും തപാല്‍വകുപ്പും തമ്മിലുള്ള കേസിലും കനറാ ബാങ്കിന്‍െറ കേസിലും കേരള ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജീവനക്കാരന്‍ തന്‍െറതന്നെ സര്‍വീസ് രേഖകള്‍ ജോലിചെയ്യുന്ന സ്ഥാപനത്തോട് ചോദിക്കുന്നത് എങ്ങനെ വ്യക്തിയുടെ സ്വകാര്യതയിലേള്ള കടന്നുകയറ്റമാകും? മാത്രമല്ല, 8(1)(ജെ) വകുപ്പിന്‍െറ അപവാദമായി വിവരാവകാശ നിയമത്തില്‍ പറയുന്നത് പാര്‍ലമെന്‍േറാ സംസ്ഥാന നിയമസഭകളോ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ട വിവരങ്ങള്‍ 8(1)(ജെ) വകുപ്പിന്‍െറ അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്ക് നിരസിക്കാന്‍ പാടുള്ളതല്ല എന്നാണ്. ചുരുക്കത്തില്‍, ഒരു നിയമസഭാ സാമാജികന്‍െറ തലത്തിലേക്ക് ഒരു പൗരനെ ഉയര്‍ത്തുന്നതാണ് വിവരാവകാശ നിയമത്തിലെ ഈ വ്യവസ്ഥ.
സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലുള്ളതോ സര്‍ക്കാറില്‍നിന്ന് ഗണ്യമായ ധനസഹായം ലഭിക്കുന്നതോ ആയ സന്നദ്ധസംഘടനകളും വിവരാവകാശ നിയമത്തിലെ ‘പൊതു അധികാരി’ എന്ന നിര്‍വചനത്തില്‍ വരുന്നു. സ്വകാര്യ എയ്ഡഡ് കോളജുകളും സഹകരണ സംഘങ്ങളും വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ വരുന്നുവെന്ന് കോടതി വിധികളുണ്ട്. എന്നാല്‍, സര്‍ക്കാറില്‍നിന്ന് ഒരു സാമ്പത്തിക സഹായവും ലഭിക്കാത്ത അംഗീകൃത സ്കൂളുകള്‍ വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ വരുമോ എന്ന പ്രശ്നമാണ് വിവരാവകാശ കമീഷന്‍ പരിശോധിച്ചത്. ദല്‍ഹി വിദ്യാഭ്യാസ ചട്ട പ്രകാരം വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ മാത്രമേ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ തങ്ങള്‍ക്കു ബാധ്യതയുള്ളൂവെന്ന നിലപാടാണ് സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. ബജറ്റ്, എസ്റ്റിമേറ്റ്, വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്, ഫീസ് വിവരം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ രേഖകളാണ് വിദ്യാഭ്യാസ ചട്ട പ്രകാരം വിദ്യാഭ്യാസ ഡയറക്ടറേറ്റിന് സ്വകാര്യ സ്കൂളില്‍നിന്ന് വാങ്ങാന്‍ അധികാരമുള്ളത്. ചട്ട പ്രകാരമല്ലാത്ത രേഖകളാണ് അപേക്ഷക വിദ്യാഭ്യാസ ഡയറക്ടര്‍ മുഖേന ‘മൂന്നാംകക്ഷി’യായ സ്കൂളിനോട് ആവശ്യപ്പെട്ടത്.
പൊതുവായ ചുമതല നിര്‍വഹിക്കുന്ന ‘മൂന്നാം കക്ഷി’യായ സ്വകാര്യ സ്കൂള്‍, പൊതു താല്‍പര്യമില്ലാത്ത സ്വകാര്യ വിവരമാണ് എന്ന കാരണം പറഞ്ഞ് പൗരന് വിവരം നിഷേധിക്കാന്‍ കഴിയില്ല എന്ന് കമീഷന്‍ വ്യക്തമാക്കി. ദല്‍ഹി വിദ്യാഭ്യാസ ചട്ടത്തില്‍ സ്കൂളുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെ എന്നു വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സ്കൂളിലെ ഏതു രേഖകളും പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് ഈ ചട്ടം പറയുന്നു. സര്‍ക്കാറിനുള്ള ഈ അധികാരം വിവരാവകാശ നിയമത്തിലൂടെ പൗരന് ലഭിക്കുന്നു. ഈ നിബന്ധന പാലിക്കാത്ത സ്ഥാപനത്തിന്‍െറ അംഗീകാരം റദ്ദാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനുള്ള അധികാരം ഉപയോഗിച്ച് സ്വകാര്യ വിദ്യാലയങ്ങളില്‍നിന്ന് രേഖകള്‍ പൗരന് വാങ്ങിനല്‍കണം.

No comments: